തൃശൂർ: കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ ആണ് ഇടഞ്ഞത്. കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നെള്ളിച്ചതായിരുന്നു. ആനക്ക് മദപ്പാടുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. വൈകിട്ട് ആറിന് ശേഷമാണ് സംഭവം. ആനപ്പുറത്ത് നാല് പേരുണ്ടായിരുന്നതിൽ രണ്ട് പേർ താഴേക്ക് ചാടി രക്ഷപ്പെട്ടു. അര മണിക്കൂറിലധികമായി ഇടഞ്ഞ് നിന്ന ആനയെ എലിഫൻറ് സ്ക്വാഡിൽ നിന്ന് പാപ്പാൻമാർ എത്തി വടംവലിച്ച് കാലുകൾ തളച്ച് ആനപ്പുറത്ത് കുടുങ്ങിപ്പോയ രണ്ടുപേരെ സുരക്ഷിതമായ താഴെയിറക്കി. പൊതുവിൽ ഇടയുന്ന പ്രകൃതക്കാരനാണ് ഊട്ടോളി അനന്തൻ എന്ന് ആനപ്രേമികൾ പറഞ്ഞു.
പഞ്ചവാദ്യം കൊട്ടിക്കലാശത്തിലേക്ക് എത്തിയ നേരത്തായിരുന്നു പെട്ടെന്ന് പിൻവശത്തേക്ക് തിരിഞ്ഞ് പ്രകോപിതനായത്. ഇതിനിടയിൽ ആളുകൾ ചിതറി ഓടി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ വലിയ ആൾക്കൂട്ടമില്ലാതിരുന്നത് പൊലീസിന് നിയന്ത്രിക്കാൻ സൗകര്യമായി. പ്രകോപിതനായ ആനയെ പാപ്പാൻമാർ ക്രൂരമായി മർദിക്കുകയും ചെയ്തു.
Photo Credit: newsskerala.com graphics