തൃശൂർ: കൊടുങ്ങല്ലൂരില്‍ വിഷവായു തുറന്നുവിട്ട് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ചന്തപ്പുര ഉഴവത്തുകടവിലാണ് നാടിനെ ഞെട്ടിച്ച ആത്മഹത്യ നടന്നത്. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. വീടിനകത്ത് വിഷവായു നിറച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയം. വീടിനകത്ത് കാര്‍ബണ്‍ മോണോക്്‌സൈഡിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി.
സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്. കാര്‍ബണ്‍ മോണോക്്‌സൈഡ് തുറന്നുവിട്ട ശേഷം വിഷവാതകം പുറത്തുപോകാതിരിക്കാന്‍ വീടിന്റെ ജനലുകളും, വെന്റിലേറ്ററുകളും ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കുന്നതായുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
അമേരിക്കന്‍ കമ്പനിയിലെ സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറാണ് ആഷിഫ്. നാലംഗ കുടുംബത്തെ കൂടാതെ ആഷിഫിന്റെ ഉമ്മയും, സഹോദരിയുമാണ് രണ്ടു നില വീട്ടില്‍ താമസിക്കുന്നത്. ആഷിഫും ഭാര്യയും രണ്ട് മക്കളും മുകളിലത്തെ നിലയിലായിരുന്നു. രാവിലെ എണീറ്റുവരാതിരുന്നപ്പോഴാണ് താഴത്തെനിലയിലുണ്ടായിരുന്ന സഹോദരി മുകള്‍നിലയിലെത്തി പരിശോധിച്ചത്. എന്നാല്‍ ആഷിഫിന്റെ മുറിയുടെ വാതില്‍ അകത്തുനിന്ന് അടച്ചിട്ടനിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നതോടെയാണ് നാലുപേരെയും മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. മുറിയില്‍ ഒരു പാത്രത്തില്‍ എന്തോ വാതകം പുകച്ചിരുന്നതായും അവര്‍ പറഞ്ഞു.
തുടര്‍ന്ന് ഉമ്മയും സഹോദരിയും വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. നല്ല നിലയില്‍ കഴിഞ്ഞിരുന്ന ആഷിഖിന്റെയും കുടുംബത്തിന്റെയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.